
ന്യൂഡൽഹി: വിദ്യാർഥി വിസയിൽ റഷ്യയിലേക്കുപോയ ശേഷം റഷ്യൻ സൈന്യത്തിൽ ചേർന്നതായി വിവരം ലഭിച്ച ഇന്ത്യൻ യുവാവിനെ നാട്ടിലെത്തിക്കണമെന്ന പിതാവിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി സുപ്രീംകോടതി. മാനുഷിക പരിഗണനയിൽ വിഷയത്തിൽ ഇടപെടാനുള്ള സാധ്യത പരിശോധിക്കാനും സർക്കാരിൽനിന്ന് നിർദേശം തേടാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുവാവ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് റഷ്യൻ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ അധികൃതരുടെ ഇടപെടലിന് പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് 2027 ജനുവരിയിൽ വീണ്ടും പരിഗണിക്കും.
ഹർജിക്കാരന്റെ ഇളയ മകനായ അബിനേഷ് ഏപ്രിലിലാണ് മറ്റ് മൂന്ന് വിദ്യാർഥികൾക്കൊപ്പം വിദ്യാർഥി വിസയിൽ റഷ്യയിലേക്ക് പോയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു ഏജന്റിന്റെ സഹായത്തോടെയായിരുന്നു യാത്രയെന്ന് ഹർജിയിൽ പറയുന്നു. ജൂലൈ 19നാണ് കുടുംബത്തിന് അബിനേഷുമായി അവസാനമായി നേരിട്ട് സംസാരിക്കാൻ കഴിഞ്ഞത്. തുടർന്ന് അബിനേഷുമായോ ഒപ്പമുണ്ടായിരുന്ന മൂന്ന് വിദ്യാർഥികളുമായോ നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് അബിനേഷിന്റെ ജ്യേഷ്ഠൻ അദ്ദേഹത്തിന്റെ ഇമെയിൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ റഷ്യൻ സൈനിക തിരിച്ചറിയൽ രേഖയും മിലിട്ടറി ടാഗും ഉൾപ്പെടെയുള്ള രേഖകൾ കണ്ടെത്തി. ഇതോടെയാണ് അബിനേഷ് റഷ്യൻ പൗരത്വം സ്വീകരിച്ച് സൈന്യത്തിൽ ചേർന്നിരിക്കാമെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.
രേഖകളുടെ ഉള്ളടക്കവും പ്രത്യാഘാതങ്ങളും പൂർണമായി മനസ്സിലാക്കാതെ, പ്രലോഭനത്തിനോ സമ്മർദത്തിനോ വഴങ്ങി അബിനേഷ് ഒപ്പിട്ടിരിക്കാമെന്നാണ് കുടുംബത്തിന്റെ ആശങ്ക. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
അബിനേഷിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി വിഷയം ഉന്നയിച്ചതായി റഷ്യയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. എന്നാൽ, അബിനേഷ് സ്വമേധയാ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് റഷ്യൻ പൗരത്വം സ്വീകരിച്ചെന്നും റഷ്യൻ പൗരനായാണ് സൈന്യത്തിൽ ചേർന്നതെന്നും വ്യക്തമാക്കുന്ന രേഖകളും എംബസി കൈമാറിയതായി ഹർജിയിൽ പറയുന്നു. അദ്ദേഹത്തിന് റഷ്യൻ പാസ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നു.
അബിനേഷ് റഷ്യൻ പൗരത്വം സ്വീകരിച്ചതായി റഷ്യൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ ഇന്ത്യയുടെ ഇടപെടലിന് പരിമിതികളുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
അതേസമയം, വിദ്യാർഥി വിസയിൽ പോയ മകൻ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ റഷ്യൻ പൗരത്വം നേടുകയും സൈനിക സേവനത്തിൽ പ്രവേശിക്കുകയും ചെയ്തതിന്റെ സാഹചര്യങ്ങളിൽ വ്യക്തതയില്ലെന്നാണ് പിതാവിന്റെ വാദം. യാത്രയും പ്രവേശനവും മറ്റ് നടപടിക്രമങ്ങളും ഒരുക്കിയവർ അബിനേഷിനെയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളെയും തെറ്റിദ്ധരിപ്പിക്കുകയോ സമ്മർദത്തിലാക്കുകയോ ചെയ്തിരിക്കാമെന്നും ഹർജിയിൽ ആരോപിക്കുന്നു.
ലഭ്യമായ വീഡിയോ ദൃശ്യങ്ങളും രേഖകളും ഇലക്ട്രോണിക് ആശയവിനിമയങ്ങളും ആശങ്ക വർധിപ്പിക്കുന്നതാണെന്നും പിതാവ് ചൂണ്ടിക്കാട്ടി. പാസ്പോർട്ട് പിടിച്ചുവെച്ചിരിക്കുകയാണെന്നും താൻ കഴിയുന്ന സംഘർഷമേഖലയിൽനിന്ന് പുറത്തുപോകാൻ കഴിയുന്നില്ലെന്നും അബിനേഷ് കുടുംബത്തെ അറിയിച്ചതായി ഹർജിയിൽ പറയുന്നു. മകന്റെ സുരക്ഷ ഉറപ്പാക്കി നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് പിതാവിന്റെ ആവശ്യം.










